ദുബായ്: രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ നിശ്ചിത നിരക്കില്‍ പൗരന്‍മാരെ ജോലിക്കെടുക്കാത്ത കമ്പനികള്‍ക്ക് ചുമത്തുന്ന പിഴ വര്‍ഷാവസാനത്തോടെ വര്‍ധിപ്പിക്കുമെന്ന് യുഎഇ മന്ത്രി അറിയിച്ചു. 2022ല്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ക്ക് ചുമത്തിയ 72,000 ദിര്‍ഹത്തില്‍ നിന്ന് വാര്‍ഷിക പിഴ 84,000 ദിര്‍ഹം ആയി ഉയര്‍ത്തുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ, 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വിദഗ്ധരായ ജീവനക്കാരുള്ള കമ്പനികള്‍ക്ക് അവരുടെ തൊഴില്‍ ശക്തിയില്‍ നാലു ശതമാനം സ്വദേശികള്‍ ഉണ്ടായിരിക്കണം. നിയമപ്രകാരം നിയമിക്കാത്ത ഓരോ സ്വദേശിക്കും വര്‍ഷത്തില്‍ 84,000 ദിര്‍ഹം പിഴ ചുമത്തും. പിഴ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുമെന്നും ഡോ. അല്‍ അവാര്‍ പറഞ്ഞു.
2022 ലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ കമ്പനികള്‍ക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം 400 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏകദേശം 9,293 കമ്പനികള്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിച്ച് ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 7,000-ത്തിലധികം കമ്പനികള്‍ ആദ്യമായി സ്വദേശികളെ ജോലിക്ക് നിയമിച്ചതായി ഡോ. അല്‍ അവാര്‍ പറഞ്ഞു.
എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, സ്വദേശിവല്‍ക്കരണ പദ്ധതി ആരംഭിച്ചതിനുശേഷം 28,700-ലധികം യുഎഇ പൗരന്മാര്‍ സ്വകാര്യമേഖലയില്‍ ചേര്‍ന്നു. അതേസമയം പദ്ധതിക്ക് പിന്തുണ നല്‍കുന്നതിനായി ആരംഭിച്ച നഫീസ് പദ്ധതിയുടെ സാമ്പത്തിക സഹായ പരിപാടികളുടെ ഗുണഭോക്താക്കളുടെ എണ്ണം 32,566 ആയി. നഫീസിന്റെ ‘നാഷണല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമില്‍’ 1,300 വിദ്യാര്‍ത്ഥികളും സ്ത്രീകളും ‘ടാലന്റ് പ്രോഗ്രാമില്‍’ 643 പേരും ചേര്‍ന്നിട്ടുണ്ട്. നഫീസ് പ്ലാറ്റ്ഫോമില്‍ 7,017 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 17,481 തൊഴിലവസരങ്ങള്‍ സൈറ്റ് വഴി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.