ദുബൈ: യു.എ.ഇ വിസക്ക് അപേക്ഷിക്കാൻ ഇനി വീഡിയോ കോൾ സൗകര്യവും ഉപയോഗിക്കാം. യുഎഇക്ക് പുറത്തുള്ള അപേക്ഷകർക്കും, രാജ്യത്തിന് അകത്തുള്ളവർക്കും വിഷ്വൽ കമ്മ്യൂണിക്കേഷൻ സർവീസസ് വഴി രേഖകൾ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
ദുബൈ താമസ കുടിയേറ്റ വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് വീഡിയോകോൾ സേവനം സാധ്യമാകുന്നത്. സൈറ്റിലെ വീഡിയോ കാൾ സർവീസ് ക്ലിക്ക് ചെയ്ത് പേര്, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, എമിറേറ്റ്സ് ഐ.ഡി അല്ലെങ്കിൽ പാസ്പോർട്ട് വിവരങ്ങൾ നൽകണം. തുടർന്ന് എന്ത് സേവനമാണ് ആവിശ്യമുള്ളതെന്ന് ക്ലിക് ചെയ്താൽ ഏതാനും മിനിറ്റുകൾക്കകം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി വീഡിയോ കോൾ വഴി ആശയവിനിമയം നടത്താൻ കഴിയും. സമയബന്ധിതമായി എല്ലാ ഇടപാടുകളും പൂർത്തീകരിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
ഓഫീസുകൾ സന്ദർശിക്കാതെ 5 മിനിറ്റിനുള്ളിൽ രേഖകൾ സമർപ്പിക്കാനാകും. ജി.ഡി.ആർ.എഫ്.എയുടെ ആപ്പ് വഴിയും ഫ്രണ്ട് കാമറ പ്രവർത്തിക്കുന്ന മൊബൈലോ, ടാബോ വഴി ഈ സേവനം ലഭിക്കും. അപേക്ഷയോടൊപ്പം രേഖ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ചാറ്റ് ബോക്സിൽ അയക്കാനും കഴിയും. വീഡിയോ കോൾ സേവനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.