അബൂദബി: പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗത്തിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു എ ഇ. വ്യവസായ മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങൾ റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക് കുപ്പികൾ മാത്രമേ ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാൻ പാടുള്ളു. പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യുന്ന സ്ഥാപനങ്ങളും സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമായിരിക്കും.
അബൂദബി സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. പുനരുപയോഗത്തെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം ഇത്തരം ഉൽപന്നങ്ങളുടെ നിലവാരവും ഗുണമേൻമയും ഉറപ്പുവരുത്താനാണ് തീരുമാനം. വ്യവസായ, ഉന്നത സാങ്കേതിക വിദ്യാ മന്ത്രാലയം അംഗീകരിച്ച റീസൈക്കിളിങ് സ്ഥാപനങ്ങളിൽ പുനരുപയോഗത്തിന് പര്യപ്തമാക്കിയ റിസൈക്കിൾഡ് പോളിയെത്തിലീൻ ടെറഫെതലേറ്റ് അഥവ ആർപെറ്റ് ഉൽപന്നങ്ങൾ മാത്രമേ ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതിയുണ്ടാകൂ.
യു എ ഇയുടെ ഫുഡ്കോൺടാക് മെറ്റീരിയൽ നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റും സ്ഥാപനങ്ങൾ നേടിയിരിക്കണം. ഈ സ്ഥാപനങ്ങൾ യു എ ഇയുടെ അക്രഡിറ്റഡ് ലാബിൽ നിന്ന് പുനരുപയോഗത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ സുരക്ഷാപരിശോധനയടക്കം പൂർത്തിയാക്കി വേണം റീസൈക്ലിങ് പൂർത്തിയാക്കാനെന്നും പുതിയ നിയമം നിർദേശിക്കുന്നുണ്ട്. കാർബൺ വികിരണം കുറക്കാനുള്ള യു എ ഇയുടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ.