ദുബായ് : എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ചു യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കും നാട്ടിലേക്ക് തിരിച്ചു പോയവർക്കുമായി നീതിമേള സംഘടിപ്പിക്കുന്നു. ഇതിന്‍റെ ബ്രോഷർ കേരള ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ്, പിൽസ് ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്തിനു നൽകി പ്രകാശനം ചെയ്തു.
പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്കു നീതി മേളയിലൂടെ പരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ടു പരിഹാരങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും. പാസ്പോർട്ട്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വീസ, റിക്രൂട്ട്മെന്‍റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ, സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം, വിവാഹ മോചന ജീവനാംശ കേസുകൾ എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ പരാതികൾ സമർപ്പിക്കാം.
ഇതിനായുള്ള ക്യാംപെയ‌്ൻ ഏപ്രിൽ 20 നടക്കും. നീതിമേളയിൽ പരാതി നല്കാൻ: 8089755390, [email protected]. ഈ പരാതികൾ നാട്ടിലും യു എ യിലുമുള്ള വിദഗ്ധ അഭിഭാഷക സമിതി പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ നൽകും.