ദുബൈ: യുഎഇയിലേക്ക് യാത്ര നടത്തി മടങ്ങുന്നവർക്ക് ഇനി ഒറ്റ ടിക്കറ്റിൽ ഇത്തിഹാദ് എയർവേസിലും എമിറേറ്റ്‌സിലും പറക്കാം. ഇതിനായി യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ധാരണാപത്രം ഒപ്പിട്ടു. ധാരണപ്രകാരം യുഎഇയിൽ എത്തുന്നവർക്ക് ഒറ്റ ടിക്കറ്റിൽ അബൂദബിയിൽ നിന്നോ ദുബൈയിൽ നിന്നോ ഈ കമ്പനികളുടെ വിമാനങ്ങളിൽ യാത്ര തുടരാൻ കഴിയും.
ഇന്റർലൈൻ സേവനം വ്യാപകമാക്കാനാണ് ദുബൈയുടെ എമിറേറ്റ്‌സും അബൂദബിയുടെ ഇത്തിഹാദും ധാരണാപത്രം ഒപ്പിട്ടത്. ഇതോടെ എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈ വിമാനാത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരന് അതേ ടിക്കറ്റിൽ അബൂദബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ മടങ്ങാൻ കഴിയും. ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലേക്ക് വരുന്നവർക്കും അതേ ടിക്കറ്റിൽ ദുബൈ വിമാനത്താവളം വഴി എമിറേറ്റ്‌സ് വിമാനത്തിലും യാത്ര തുടരാം. ഈ വേനൽകാല ഷെഡ്യൂളിൽ തന്നെ ഇത്തരത്തിൽ ടിക്കറ്റെടുക്കാൻ സൗകര്യം നിലവിൽ വരും.
ദുബൈയിൽ പുരോഗമിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ എമിറേറ്റ്‌സ് സി സി ഒ അദ്‌നാൻ കാസിം, ഇത്തിഹാദ് സി ഒ ഒ മുഹമ്മദ് അൻ ബുലൂക്കി എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. യാത്രസൗകര്യം എളുപ്പമാക്കി വിവിധ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിനോദസഞ്ചാരികളെ കൂടുതൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ ധാരണ. ആദ്യഘട്ടത്തിൽ യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നുമുള്ള യാത്രക്കാർക്ക് ഇന്റർലൈൻ സേവനം ഊർജിതക്കും. ഇത്തിഹാദും എമിറേറ്റ്‌സും സർവീസ് നടത്തുന്ന വിവിധ നഗരങ്ങളിലെ ബന്ധിപ്പിച്ച് മൾട്ടിസിറ്റി യാത്രയും ഇതേ മാതൃകയിൽ സാധ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.