അബുദാബി: മധ്യവേനൽ അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ 28ന് തുറക്കും. അധ്യാപകരും അനധ്യാപകരും നാളെ മുതൽ സ്കൂളിൽ എത്തി തയാറെടുപ്പു തുടങ്ങും. ആഴ്ചകളായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ ശുചീകരിച്ച് പഠനയോഗ്യമാക്കുന്ന തിരക്കിലാണ് മറ്റു ജീവനക്കാർ. സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 1,41,291 അധ്യാപക, അനധ്യാപക ജീവനക്കാരാണ് സ്കൂളിൽ എത്തുക. പുതുതായി ജോലിക്കെത്തിയ അധ്യാപകർക്കുള്ള പരിശീലനം 21–25 തീയതികളിൽ നടക്കും.
പുതിയ അധ്യയന വർഷത്തിൽ 185 ദിവസം പഠനമുണ്ടാകും. 3 പാദങ്ങളിലായി യഥാക്രമം 73, 59, 52 ദിവസം പഠനം നടത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിഷ്കർഷിച്ചിരിക്കുന്നത്.
ഏപ്രിലിൽ അധ്യയനം ആരംഭിച്ച ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ രണ്ടാം പാദ പഠനത്തിലേക്കാണ് തിരിച്ചെത്തുക. എന്നാൽ അധ്യയന വർഷാരംഭത്തിന്റെ നിറമധുരം ഏറ്റുവാങ്ങാനുള്ള തയാറെടുപ്പിലാണ് പ്രാദേശിക, വിദേശ സിലബസ് വിദ്യാർഥികൾ. ഇഷ്ട സ്കൂളുകളിൽ സീറ്റ് കിട്ടാതെ നെട്ടോട്ടമോടുന്നവരുമുണ്ട്. നാട്ടിൽനിന്ന് എത്തിയ കുട്ടികൾക്ക് അതത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ സ്കൂളിൽ ചേരാമെങ്കിലും കുറഞ്ഞ ഫീസുള്ള സ്കൂളുകളിൽ സീറ്റ് കിട്ടാതെ പ്രയാസത്തിലാണ്. വൻ തുക ഫീസ് നൽകി മറ്റു സ്കൂളുകളിൽ ചേർക്കാൻ സാധിക്കാത്തവർ മക്കളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനിരിക്കുകയാണ്.
ഇതിനിടെ യൂണിഫോം, സ്കൂൾ ഷൂ, ബാഗ്, പുസ്തകം, പെൻ, പെൻസിൽ തുടങ്ങി പഠന സാമഗ്രികൾക്ക് വില കൂടിയതും രക്ഷിതാക്കൾക്ക് തിരിച്ചടിയായി.
സ്കൂൾ ബാഗിന് 40 മുതൽ 500 ദിർഹം വരെയാണ് വില. പെൻസിൽ (ചെറിയ ബോക്സ്) 10 ദിർഹം, കളർ പെൻസിൽ 15, മാർക്കർ 13, പെൻ 25, നോട്ട് പുസ്തകം (6) 12.50, ഗ്ലൂ (പശ) 7–12 തുടങ്ങി സ്കൂളിലേക്ക് ആവശ്യമായ മിക്ക ഉൽപന്നങ്ങളും പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്.