അബുദാബി : തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കാത്തതിനുള്ള പിഴ അടയ്ക്കാത്തവർക്ക് പുതിയ വർക്ക് പെർമിറ്റ് നൽകില്ലെന്ന് യുഎഇ. തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നോ സേവനാനന്തര ആനുകൂല്യത്തിൽനിന്നോ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഒക്ടോബർ ഒന്നിനു മുൻപ് തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കണമെന്നാണ് നിയമം. 18 വയസ്സിനു മുകളിലുള്ള എല്ലാ ജോലിക്കാർക്കും ഇതു നിർബന്ധം.
ജനുവരി 1 മുതലാണ് ഇൻഷൂറൻസ് നിർബന്ധമാക്കിയത്. സർക്കാർ, സ്വകാര്യ മേഖലാ, ഫ്രീസോൺ ജീവനക്കാർക്കും ഇൻഷൂറൻസ് നിർബന്ധം. തൊഴിലാളികളാണ് സ്കീമിൽ ചേരേണ്ടത്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും (112 രൂപ) കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹവുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ തുക അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. പിഴ 200 ദിർഹം.
തൊഴിൽ നഷ്ട ഇൻഷൂറൻസിൽ ഇതുവരെ 50 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. തുടർച്ചയായി 12 മാസമെങ്കിലും ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവർക്കാണ് ആനുകൂല്യം. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക (പരമാവധി 20,000 ദിർഹം) 3 മാസത്തേക്കു ലഭിക്കും. ഇതിനിടെ മറ്റൊരു കമ്പനിയിൽ ചേർന്നാലും രാജ്യം വിട്ടാലും ആനുകൂല്യം ലഭിക്കില്ല.
സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും പരിരക്ഷ കിട്ടില്ല. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്.