ദുബൈ: യുഎഇയില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് നിയമ വിദഗ്ധര്‍. ചുരുങ്ങിയത് 10,000 ദിര്‍ഹം പിഴയും ഒരു വര്‍ഷം തടവുമാണ് ജോലി സ്ഥലത്ത് സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് ശിക്ഷയായി ലഭിക്കുന്നത്. യുഎഇയിലെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 13(13) പ്രകാരമാണ് സ്ത്രീകള്‍ക്കെതിരെയുളള മോശം പെരുമാറ്റത്തിന് ശിക്ഷ വിധിക്കുന്നത്.
വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുക, അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുക, ശാരീരികമായും മാനസികമായും ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. നിയമലംഘകര്‍ക്ക് യു.എ.ഇ. ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ക്രിമിനല്‍കുറ്റങ്ങള്‍ ചുമത്തും.തൊഴിലിടങ്ങളില്‍ ഏതെങ്കിലും വിധമുള്ള അനുചിത പെരുമാറ്റങ്ങള്‍ നേരിട്ടാല്‍ കുറ്റക്കാരനായ സഹപ്രവര്‍ത്തകനെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തൊഴിലുടമയ്‌ക്കോ ദുബായ് പോലീസിനോ രേഖാമൂലം പരാതി നല്‍കണം.
വനിതാ ജീവനക്കാര്‍ തൊഴിലിടത്തിലെ ഏതെങ്കിലും ജീവനക്കാരനു മേല്‍ ആരോപണം ഉന്നയിച്ചാല്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരെ സ്ഥാപനത്തിന് നോട്ടീസ് പുറപ്പെടുവിക്കാനും വേണമെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടാനും അധികാരം ഉണ്ടാകും.