ദുബൈ: യുഎഇയിൽ ഇന്നലെ പെയ്ത കനത്തമഴ ജനജീവിതത്തെ ബാധിച്ചു. ദുബൈ, ഷാർജ നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പ്രധാന ഹൈവേകളിലും വെള്ളംകയറിയതിനാൽ ഗതാഗത കുരുക്ക് രൂക്ഷമായി. ഇന്റർസിറ്റി ബസുകൾ സർവീസുകൾ നിർത്തിവെച്ചു. വിമാന സർവീസുകളെയും മഴ ബാധിച്ചു.
ഇന്നലെ പുലർച്ചെയാണ് യുഎഇയുടെ ഏഴ് എമിറേറ്റുകളിലും ഇടിയുടെ അകമ്പടിയോടെ മഴ തകർത്ത് പെയ്തത്. ദുബൈയിലും ഷാർജയിലും രാവിലെ ജോലിക്ക് ഇറങ്ങിയവരെ വരവേറ്റത് വെള്ളം കയറിയ തെരുവുകളാണ്. ദുബൈയിലെയും ഷാർജയിലെയും ഒട്ടുമിക്ക താമസ കേന്ദ്രങ്ങളും രൂക്ഷമായ വെള്ളക്കെട്ടിന്റെ പിടിയിലായി. നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. മഴയിൽ നാശമുണ്ടായ വാഹനങ്ങളുടെ ഉടമകൾ ഫോട്ടോയും വീഡിയോയും സഹിതമാണ് ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതെന്ന് ദുബൈ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
സുപ്രധാന ഹൈവേകളിൽ വരെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിന് ഇത് കാരണമായി. മഴ മുന്നറിയിപ്പുള്ളതിനാൽ പല സ്‌കൂളുകളും ഇന്ന് ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ മുതൽ ഡെലിവറി ബൈക്കുകൾ വരെ പൊടുന്നനെ ഇരച്ചെത്തിയ വെള്ളക്കെട്ടിൽ കുടുങ്ങി. റാസൽഖൈമയിൽ നിന്ന് ഫുജൈറയിലേക്കുള്ള ശൈഖ് ഖലീഫ റോഡിൽ പാറകൾ ഇടിഞ്ഞ് വീണതിനാൽ റോഡ് അടച്ചതായി റാസൽഖൈമ പൊലീസ് അറിയിച്ചു. ശൈഖ് ഖലീഫ ആശുപത്രിക്ക് സമീപം മണ്ണിടിച്ചിലുണ്ടായതിനാൽ എമിറേറ്റ്‌സ് റോഡിൽ നിന്ന് റാസൽഖൈമയിലേക്കുള്ള എക്‌സിറ്റും അടച്ചു. റോഡുകളിൽ നിന്ന് വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ശ്രമം തുടരുകയാണെന്ന് ദുബൈ ആർടിഎ അറിയിച്ചു.