അബുദാബി : അബുദാബി കനേഡിയൻ മെഡിക്കൽ സെന്ററി (സിഎംസി)ല്‍ ജോലി ചെയ്യുന്ന മലയാളി ശുചീകരണ തൊഴിലാളിക്ക് യുഎഇ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ 22 ലക്ഷത്തിലേറെ രൂപ(1 ലക്ഷം ദിർഹം)യിലേറെ വിലമതിക്കുന്ന എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി പ്രമീള കൃഷ്ണ(51)നാണ് ഒരു ലക്ഷം ദിർഹം കൂടാതെ, സ്വർണനാണയം, സർടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയടങ്ങുന്ന പുരസ്കാരം സ്വന്തമാക്കിയത്. പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാനിൽ നിന്ന് പ്രമീള അവാർഡ് ഏറ്റുവാങ്ങി.
13 വർഷമായി സിഎംസിയിൽ ജോലി ചെയ്യുന്ന പ്രമീളയുടെ ജോലിയിലുള്ള ആത്മാർഥതയും സത്യസന്ധതയും ഉൗർജസ്വലതയുമൊക്കെ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. നേരത്തെ അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും സിഎംസിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.