ദുബൈ: ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഏതാണ്ട് ആറു മടങ്ങോളമാണ് വിലവർധന. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച് വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. വിപണിയിൽ സവാള വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽമാർഗങ്ങൾ ആലോചിച്ചുവരികയാണെന്ന് യു.എ.ഇയിലെ ചെറുകിട വ്യവസായരംഗത്തുള്ളവർ പറഞ്ഞു. തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യക്ക് ബദലായി യു.എ.ഇയിലേക്ക്സവാള ഇറക്കുമതി ചെയ്യാറ്. ഉപഭോക്താക്കള്‍ ഇന്ത്യൻ സവാളക്കാണ് മുൻഗണന നൽകുന്നത്.