അബുദാബി : യുഎഇയില്‍ തുടരുന്ന കനത്ത ചൂടിന് നേരിയ ആശ്വാസമായി ഇന്ന്(ബുധൻ) താപനില കുറയാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകും.
ദുബായില്‍ ഇന്ന് 39 ഡിഗ്രി സെൽഷ്യസാണ് താപനില. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാളെ 35 ഡിഗ്രിയിലേക്ക് കുറയും. അബുദാബിയിലെ താപനില 41ല്‍ നിന്ന് 37 ഡിഗ്രിയിലേക്ക് കുറഞ്ഞേക്കും. കിഴക്കുനിന്നുള്ള കാറ്റ് 15 മുതൽ 30 കിലോമീറ്റർ വേഗത്തിൽ വീശും. കടലിനു മുകളിൽ കാറ്റ് 45 കിലോമീറ്റർ വരെ വേഗം വർധിച്ചേക്കാം. ഇതിന്റെ ഫലമായി പൊടിയും മണലും ഉയർന്ന് ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്.
അറേബ്യൻ കടലിൽ തിരമാല ശക്തമായിരിക്കും. ഒമാൻ കടൽ നേരിയനിലയിൽ പ്രക്ഷുബ്ധമായിരിക്കുമെന്നും പറഞ്ഞു. പൊതുജനം ഔദ്യോഗിക കാലാവസ്ഥാ റിപോർട്ടുകൾ ശ്രദ്ധിച്ചുകൊണ്ടിരിയ്ക്കണമെന്നും യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.



