അബുദാബി : യുഎഇയുടെ തെക്ക്, പടിഞ്ഞാറ് മേഖലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഷാർജയിലും ദുബായിലും നേരിയ ചാറ്റൽ മഴ പെയ്യാം.
അറേബ്യൻ കടലിലെ ന്യൂനമർദമാണ് മഴയ്ക്ക് കാരണമാകുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. തെക്കൻ ഭാഗങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെ യുഎഇയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 16.4–24 ഡിഗ്രി സെൽഷ്യസ് ആണ്. തണുപ്പിൽ നിന്ന് ചൂടിലേക്കു മാറുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ഇത് 26–33.5 ഡിഗ്രി സെൽഷ്യസ് ആയി ഉയരും.
ചൂടുകാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെ ചില ദിവസങ്ങളിൽ താപനില 50 ഡിഗ്രി വരെ ഉയരാറുണ്ടെങ്കിലും ശരാശരി താപനില 37 ഡിഗ്രിയായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ സൂചിപ്പിച്ചു.