ദുബൈ: തൊഴിൽവിസ നടപടികൾ എളുപ്പത്തിലാക്കാൻ യു.എ.ഇയിൽ ഏകീകൃത പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. ‘വർക്ക് ബണ്ടിൽ’ എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ഒരുമാസം സമയമെടുക്കുന്ന തൊഴിൽ പെർമിറ്റ്, റെസിഡന്റ് വിസ നടപടികൾ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
യു.എ.ഇയിലെ രണ്ടേമുക്കാൽ ലക്ഷത്തോളം സ്വകാര്യ കമ്പനികൾക്ക് ഉപകാരപ്പെടുന്നതാണ് പുതിയ പ്ലാറ്റ്ഫോമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ചൂണ്ടിക്കാട്ടി. ഒരുമാസം സമയമെടുത്തിരുന്ന നടപടികൾ അഞ്ച് ദിവസം കൊണ്ട് വർക്ക് ബണ്ടിൽ സംവിധാനത്തിലൂടെ പൂർത്തിയാക്കാം. അഞ്ച് സർക്കാർ സ്ഥാപനങ്ങളുടെ എട്ട് സേവനങ്ങൾ വർക്കി ബണ്ടിലിന് കീഴിൽ വരും.
വിസക്ക് സമർപ്പിക്കേണ്ട രേഖകൾ 16 ൽ നിന്ന് അഞ്ചായി കുറയും. പുതിയ വർക്ക് പെർമിറ്റ്, തൊഴിൽവിസ, ഇവയുടെ പുതുക്കൽ നടപടി, റദ്ദാക്കൽ നടപടി, മെഡിക്കൽ പരിശോധന, ഐഡിക്കായുള്ള ഫിംഗർ പ്രിന്റ് എടുക്കൽ സേവനങ്ങളെല്ലാം ഇതിന് കീഴിൽ വരും.ഇൻവെസ്റ്റ് ദുബൈ പ്ലാറ്റ്ഫോം വഴി ദുബൈയിലാണ് ആദ്യം സംവിധാനം നടപ്പാക്കുകയെന്ന് GDRFA അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിന്നീട് യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലേക്കും വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോം വ്യാപിപ്പിക്കും.