അബുദാബി : യുഎഇയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും കോടതി മുഖേന വിവാഹിതരാകുന്ന മുസ്‍ലിംകളായ വിദേശികൾക്കും പ്രീമാരിറ്റൽ മെഡിക്കൽ സ്‌ക്രീനിങ് നിർബന്ധമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്)
ആവശ്യമെങ്കിൽ സൗജന്യ ജനിതക പരിശോധനയും ഇതോടൊപ്പം നടത്താമെന്ന് പ്രാഥമിക ആരോഗ്യ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കരീമ അൽറേസി പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത ചിലരിലും ജനിതക മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പരിശോധന. പാരമ്പര്യരോഗം ഉണ്ടാക്കുന്ന ജീനുകളെ തിരിച്ചറിഞ്ഞ് ഭാവി തലമുറകളിലേക്ക് ജനിതക രോഗങ്ങൾ പകരുന്നത് തടയാൻ ഇതു സഹായിക്കും.
കാർഡിയോ മയോപ്പതി, അപസ്മാരം, സ്‌പൈനൽ മസ്‌കുലാർ അട്രോഫി, ശ്രവണ വൈകല്യം, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ പാരമ്പര്യ രോഗങ്ങൾക്ക് കാരണമാകുന്ന 570ലധികം ജനിതക വകഭേദങ്ങൾ മുൻകാലങ്ങളിൽ നടന്ന പരിശോധനയിൽ കണ്ടെത്തി. ഷാർജയിലെ ഫാമിലി ഹെൽത്ത് പ്രമോഷൻ സെന്റർ, റാസൽഖൈമയിലെ ജുൽഫർ ഹെൽത്ത് സെന്റർ, ഫുജൈറയിലെ അൽഫസീൽ ഫാമിലി ഹെൽത്ത് പ്രമോഷൻ സെന്റർ എന്നിവിടങ്ങളിൽ ജനിതക പരിശോധന ലഭ്യമാണ്. 2 ആഴ്ചയ്ക്കകം ഫലം ലഭിക്കും. ജനിതകമാറ്റം കണ്ടെത്തിയാൽ വിദഗ്ധ ചികിത്സ നിർദേശിക്കും. പരിശോധനാ ഫലം കുടുംബജീവിതത്തെത്തുറിച്ച് നല്ല തീരുമാനമെടുക്കാൻ ഇരുവർക്കും കരുത്തുപകരും.