ദുബൈ: യുഎഇയിൽ 50 ലേറെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ ഒരു ശതമാനം സ്വദേശികളെ കൂടി നിയമിക്കാനുള്ള സമയപരിധി അവസാനിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
നടപ്പുവർഷത്തെ അർധവാർഷിക ടാർഗറ്റ് പൂർത്തിയാക്കാനുള്ള അവസാന തീയതിയാണ് നാളെ. കമ്പനികൾ നിയമം പാലിച്ചിട്ടുണ്ടോയെന്ന പരിശോധനയെ തുടർന്നാകും ശിക്ഷ ഉൾപ്പെടെ മറ്റു നടപടികൾ. നിയമനം പൂർത്തിയായില്ലെങ്കിൽ ഈ വർഷം ഓരോ സ്വദേശിക്കും പ്രതിമാസം 8,000 ദിർഹം എന്ന നിരക്കിലാണ് പിഴ ഈടാക്കുക. കഴിഞ്ഞ വർഷം ഇത് 7,000 ദിർഹമായിരുന്നു. രാജ്യത്തെ സ്വകാര്യകമ്പനികൾ സ്വദേശി ജീവനക്കാരുടെ എണ്ണം ഓരോ വർഷവും രണ്ട് ശതമാനം വർധിപ്പിക്കണം എന്നാണ് വ്യവസ്ഥ. ഇതുവരെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നേടിയിട്ടില്ലാത്ത കമ്പനികൾ ‘നാഫിസ്’ പ്രോഗ്രാമിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.