ദുബൈ: എണ്ണയിതര വിദേശ വ്യാപാരത്തിൽ റെക്കോർഡ് കുറിച്ച് യു.എ.ഇ. നടപ്പുവർഷം ആദ്യ ആറുമാസത്തിനിടെ 1.4 ലക്ഷംകോടി ദിർഹമിന്റെ വ്യാപാരം. കോവിഡ് മഹാമാരിക്ക് മുമ്പ് ഒരു വർഷം രേഖപ്പെടുത്തിയ കയറ്റുമതിക്ക് തുല്യമാണിത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘എക്‌സ്’ അക്കൗണ്ട് മുഖേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2031ഓടെ 4 ലക്ഷം കോടി ദിർഹം വിദേശ വ്യാപാരം ലക്ഷ്യമിട്ടായിരുന്നു യു.എ.ഇ മുന്നേറ്റം. ആറു മാസത്തിൽ എണ്ണേതര കയറ്റുമതിയിൽ 25 ശതമാനം വളർച്ച നേടി വിദേശവ്യാപാരം 1.4 ലക്ഷം കോടി ദിർഹമിന് അടുത്തെത്തിയത് വലിയ നേട്ടമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഈ വർഷം അവസാനത്തോടെ എണ്ണേതര വ്യാപാരം 3 ലക്ഷം കോടി കോടിയിലെത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുമായി വ്യാപാരത്തിൽ 10 ശതമാനം വർധനയുണ്ട്. ഇറാഖിലേക്കാണ് യു.എ.ഇയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്. വിദേശ വ്യാപാരത്തിന്റെ ആഗോള വളർച്ചാ നിരക്ക് ഏകദേശം 1.5 ശതമാനമാണെങ്കിലും, യു.എ.ഇയുടെ വിദേശ വ്യാപാരം പ്രതിവർഷം 11.2 ശതമാനം കണ്ടാണ് മുന്നേറുന്നത്. യു.എ.ഇയുടെ മികച്ച 10 വ്യാപാര പങ്കാളികളുമായുള്ള എണ്ണയേതര കയറ്റുമതി 28.7 ശതമാനം വർധിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായി വ്യാപാരം 12.6 ശതമാനമാനം ഉയർന്നു. സ്വർണം, ആഭരണങ്ങൾ, സിഗരറ്റുകൾ, എണ്ണകൾ, അലൂമിനിയം, കോപ്പർ വയറുകൾ, അച്ചടിച്ച വസ്തുക്കൾ, വെള്ളി, ഇരുമ്പ് വ്യവസായങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് പ്രധാന കയറ്റുമതി ഉൽപന്നങ്ങൾ.