അബുദാബി : കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വീസ 250 ദിർഹത്തിന് നൽകും.
നിലവിൽ യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ ലഭിക്കുന്നുണ്ട്. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനി(ഇയു)ലും റെസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകന്‍റെ വീസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വീസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വീസയ്ക്കുള്ള ഇഷ്യുസ് ഫീസ് 100 ദിർഹമായി തീരുമാനിച്ചു. ഈ വീസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫീസ് 250 ദിർഹമാണ്. 60 ദിവസത്തെ വീസയ്ക്ക് 250 ദിർഹമാണ് നിരക്ക്.