
ദുബൈ: തണുപ്പെത്തിയതോടെ ശൈത്യകാല ടൂറിസം പ്രോത്സാഹിപ്പിക്കാൻ ആവിഷ്‌കരിച്ച പദ്ധതികൾ ശക്തിപ്പെടുത്താൻ യുഎഇ. മരുഭൂമിയിലും മലനിരകളിലും അന്താരാഷ്ട്ര വിനോദസഞ്ചാരികളെ വരവേൽക്കാൻ കൂടുതൽ പ്രദർശന കേന്ദ്രങ്ങളും സ്ഥലങ്ങളും ഒരുങ്ങിക്കഴിഞ്ഞു. വിനോദത്തിനൊപ്പം ലോകോത്തര ഷോപ്പിങ്ങ് അനുഭവവും പ്രദാനം ചെയ്യുന്ന ബിസിനസ് ടൂറിസം ശക്തിപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി, ശൈത്യകാല ടൂറിസത്തിനു വേണ്ടി തുടക്കം കുറിച്ച വേൾഡ്‌സ് കൂളെസ്റ്റ് വിന്റർ എന്ന ടൂറിസം ക്യാമ്പയിൻ ഗവൺമെന്റ് സജീവമാക്കി. ക്യാമ്പയിനു കീഴിൽ പർവതാരോഹണം, മരുഭൂമിയിലെ ക്യാംപിങ്, സാഹസിക ടൂറിസം, വന്യജീവി സങ്കേതങ്ങളിലെ യാത്രകൾ തുടങ്ങിയവ നടന്നുവരികയാണ്.
2033 ഓടെ പ്രതിവർഷം നാലരക്കോടി അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ രാജ്യത്തെത്തിക്കാനാണ് ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്. വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 2.92 ദശലക്ഷം ടൂറിസ്റ്റുകളാണ് യുഎഇ കാണാനെത്തിയത്. 2023 നെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 15.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
അഞ്ചു വർഷത്തിനിടെ ടൂറിസം മേഖലയിൽ ആയിരം കോടി ദിർഹത്തിന്റെ നിക്ഷേപവും രാജ്യം ലക്ഷ്യമിടുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ ടൂറിസം നയത്തിന് ഈയിടെ ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ ട്രാവൽ ആന്റ് ടൂറിസം വികസന സൂചികയിൽ അന്താരാഷ്ട്ര തലത്തിൽ പതിനെട്ടാമതാണ് യുഎഇ. പശ്ചിമേഷ്യയിൽ ഒന്നാമതും.