അബുദാബി : അൻപതോ അതിലേറെയോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം ഈ വർഷം 6 ശതമാനമായും അടുത്ത വർഷം 8 ശതമാനമായും വർധിപ്പിക്കും. 2026 അവസാനത്തോടെ 10 ശതമാനം ലക്ഷ്യം കൈവരിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട ബിസിനസുകൾ 2024 അവസാനത്തോടെയും 2025 ഓടെ മറ്റൊരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണം.
സ്വത്ത്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം തുടങ്ങി 14 മേഖലകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് സ്വദേശിവത്കരണം ബാധകമാണ്. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതലാണ് 50-ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ ജീവനക്കാരിൽ 2 ശതമാനം എമിറാത്തികളാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അധികൃതർ ആവശ്യപ്പെട്ടത്. ഈ കണക്ക് കഴിഞ്ഞ വർഷം അവസാനത്തോടെ 4 ശതമാനമായി ഉയരുകയും ചെയ്തു.
അതേസമയം, യുഎഇയുടെ സ്വദേശിവത്കരണ നിയമങ്ങൾ മറികടക്കാനുള്ള ശ്രമത്തിൽ 1,200-ലേറെ കമ്പനികൾ എമിറാത്തികളെ നിയമവിരുദ്ധമായി നിയമിച്ചതായി കണ്ടെത്തി. നിയമങ്ങൾ മറികടക്കാൻ കമ്പനികൾ 1,963 സ്വദേശികളെയാണ് അനധികൃതമായി കമ്പനികളിൽ നിയമിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള കാലയളവിലാണ് നിയമനം നടന്നിരിക്കുന്നത്. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ മറികടക്കാനും വ്യാജ എമിറൈറ്റേസേഷനിൽ ഏർപ്പെടാനും ശ്രമിച്ചുകൊണ്ട് 1,963 യുഎഇ പൗരന്മാരെ നിയമവിരുദ്ധമായി നിയമിച്ച 1,202 സ്വകാര്യ കമ്പനികളെ പരിശോധനാ സംഘം വിജയകരമായി തിരിച്ചറിഞ്ഞതായി മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.