ദുബൈ: യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം സർവകാല റെക്കോർഡിൽ. ഏറ്റവും പുതിയ കണക്കു പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്. ദുബൈ കോൺസുലേറ്റിന്റേതാണ് കണക്കുകൾ. യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 39 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലേക്ക് കുടിയേറിയിട്ടുള്ളത്.
2012 ലെ 22 ലക്ഷത്തിൽ നിന്നാണ് പ്രവാസി ജനസംഖ്യ നാൽപത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്നത്. പന്ത്രണ്ടു വർഷത്തിനിടെ, പതിനേഴു ലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് അധികമായെത്തിയത്. കഴിഞ്ഞ ഒരു വർഷം മാത്രം 1,30,000 ഇന്ത്യക്കാർ യുഎഇയിലെത്തിയതായും സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.