യു.എ.ഇയിൽ കോർപറേറ്റ് നികുതി രജിസ്ട്രേഷൻ ഇന്നു മുതൽ. ജൂൺ ഒന്നുമുതൽ വാർഷിക ലാഭവിഹിതത്തിന്റെ ഒമ്പതു ശതമാനം നികുതിയായി ഈടാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. നടപ്പു സാമ്പത്തിക വർഷത്തെ നികുതി ജൂൺ ഒന്നുമുതലാണ് അടച്ചു തുടങ്ങേണ്ടത്. രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതിനാൽ ടാക്സ് രജിസ്ട്രേഷൻ നമ്പർ ഉടൻ ലഭ്യമായി തുടങ്ങും. വാറ്റിനു പിന്നാലെയാണ് യു.എ.ഇയിൽ കോർപറേറ്റ് ടാക്സ് വരുന്നത്.
ചെറുകിട-ഇടത്തരം ബിസിനസ്സംരംഭങ്ങൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. മുന്നേ മുക്കാൽ ലക്ഷം ദിർഹം വരെയുള്ളലാഭത്തിന് നികുതി നൽകേണ്ടതില്ലെന്ന് നേരത്തെ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തൊഴിൽ, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് കോർപ്പറേറ്റ് നികുതി ബാധകമല്ല. ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോമറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല.
ആഗോളതലത്തിലെമികച്ച രീതികൾ സംയോജിപ്പിക്കുന്നതിനായാണ് കോർപ്പറേറ്റ് നികുതി വ്യവസ്ഥ രൂപപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അക്കൗണ്ടിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ പ്രകാരമുള്ള ലാഭവിഹിതത്തിനാണ് കോർപറേറ്റ് നികുതി അടക്കേണ്ടത്. ബിസിനസുകൾക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഒരുപോലെ നികുതി ബാധകമായിരിക്കും. മെയിൻ ലാൻഡിൽ നിന്ന് വാണിജ്യ ആനുകൂല്യങ്ങൾ നേടുന്ന ഫ്രീ സോണുകൾക്കുള്ളിലെ ബിസിനസുകൾക്കും 9 ശതമാനം നികുതി ബാധകമായിരിക്കും.