ദുബൈ: എണ്ണ ഇതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് പ്രകടമാക്കി യുഎഇ. ഈ വർഷത്തിലെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരം 1.24 ട്രില്യൺ ദിർഹത്തിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 14.4 ശതമാനമാണ് വർധനവ്. രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി 5 വർഷത്തെ മികച്ച നേട്ടത്തിലെത്തി.
2030ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ് 1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം. ശ്രദ്ധേയമായ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സാമ്പത്തിക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ തുടക്കമിട്ട സന്തുലിത വ്യാപാര നയത്തിലെ വിജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വർണ്ണം, അലുമിനിയം, ചെമ്പ് തുടങ്ങിയവയാണ് പ്രധാന എണ്ണയിതര കയറ്റുമതി. കണക്കുകളനുസരിച്ച് ചൈനയാണ് യുഎഇയുടെ പ്രധാന വ്യാപാര പങ്കാളി.
ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കിയാണ് ചൈന സ്ഥാനം നിലനിർത്തിയത്. ബ്രിക്സ് അംഗത്വം കൂടിയായതോടെ യുഎഇയ്ക്ക് മുന്നിൽ കൂടുതൽ വ്യാപാര സാധ്യതകളുണ്ട്. ലോകത്ത് എണ്ണ ഉപഭോഗത്തിൽ വരാവുന്ന മാറ്റങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് യുഎഇ നയങ്ങൾ രൂപീകരിച്ചത്.