ദുബായ്: മഴയ്ക്കു പിന്നാലെ രാജ്യത്തെ താപനില താഴേക്ക്. ജബൽ ജൈസിൽ ഇന്നലെ പുലർച്ചെ 4.15ന് ഏറ്റവും കുറഞ്ഞ താപനിലയായ 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജബൽ ജൈസിൽ കെട്ടിക്കിടന്ന മഴവെള്ളം തണുത്തുറഞ്ഞു ഐസ് പാളിയായി. ഇന്നലെ രാവിലെ മലകയറിയവർ വെള്ളക്കെട്ടിൽ നിന്ന് ഐസ് പാളികൾ അടർത്തിയെടുക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചു. റാസൽഖൈമയിലെ പുൽമേടുകളും അബുദാബിയിലെ മരുഭൂമിയിലും കുറഞ്ഞ വെള്ള നിറത്തിൽ മഞ്ഞുപാളികൾ രൂപപ്പെട്ടു. അബുദാബിയിലെ അൽ ഫഖായിൽ 118 മില്ലി മീറ്റർ മഴ പെയ്തതായാണ് കണക്ക്.
രാജ്യത്തെ മൊത്തം വാർഷിക മഴ 100 മില്ലി മീറ്റർ രേഖപ്പെടുത്തിയപ്പോഴാണ് അൽ ഫഖായിൽ മാത്രം 118 രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയില്ലെങ്കിലും ആകാശം മേഘാവൃതമായിരിക്കും. 31 ആകുമ്പോഴേക്കും താപനില ഉയരാനുള്ള സാധ്യതയാണ് പറയുന്നത്.