ദുബൈ: യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചു. ജോലി സമയത്തില്‍ രണ്ട് മണിക്കൂറാണ് കുറച്ചത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കിയത്.
എട്ടു മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും. ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍ ഫ്ലെക്സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയം. തിങ്കൾ മുതൽ വ്യാഴം വരെ മൂന്നര മണിക്കൂറും വെള്ളിയാഴ്ച ഒന്നര മണിക്കൂറുമാണ് കുറച്ചത്. വർക്ക് ഫ്രം ഹോം ഉൾപ്പെടെ സൗകര്യപ്രദമായ രീതികൾ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും സ്വീകരിക്കാമെങ്കിലും ആകെ ജീവനക്കാരുടെ 70 ശതമാനത്തിൽ കൂടുതൽ വർക്ക് ഫ്രം ഹോം അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.