കണ്ണൂർ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര യാത്രക്ക് ഉജ്ജ്വല തുടക്കം. കണ്ണൂർ കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ജാഥ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് ബദൽ നിർദേശിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് ജാഥ ലീഡർ വി.ഡി സതീശൻ മീഡിയവണിനോട് പറഞ്ഞു.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയാണ് യുഡിഎഫിന്റെ ജാഥയ്ക്ക് തുടക്കമാകുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നും മലയോരത്തെ ജനങ്ങളെ രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കണ്ടെത്തുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയവയാണ് ജാഥയുടെ പ്രധാന മുദ്രാവാക്യങ്ങൾ.
ജാഥാ ക്യാപ്റ്റൻ അടക്കമുള്ള യുഡിഎഫ് നേതാക്കളെ തുറന്ന വാഹനത്തിലാണ് പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് സ്വീകരിച്ചത്. ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല വന്യജീവി സംരക്ഷണ നിയമമെന്ന് ജാഥ ഉദ്ഘാടനം ചെയ്ത് കെ.സി വേണുഗോപാൽ പറഞ്ഞു.
വന നിയമ ഭേദഗതി കരടു ബിൽ സംസ്ഥാന സർക്കാർ പിൻവലിച്ചത് യുഡിഎഫ് പോരാടി നേടിയ വിജയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ വ്യക്തമാക്കി. മനുഷ്യരെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു സർക്കാരിന് എങ്ങനെ വന്യ മൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു.