ലണ്ടൻ : 2025 ജനുവരി മുതൽ, യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് നിലവിലെ ആവശ്യകതകളേക്കാൾ കുറഞ്ഞത് 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതുണ്ട്. ജനുവരി 2 മുതൽ, യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാർഥികൾ ജീവിതച്ചെലവുകൾ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകൾ കാണിക്കണം.
ലണ്ടനിലെ കോഴ്സുകൾക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപ), ലണ്ടന് പുറത്തുള്ള കോഴ്സുകൾക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവ് കാണിക്കേണ്ടത്. ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിന്, ലണ്ടനിൽ മൊത്തം 13,347 പൗണ്ടും (14 ലക്ഷം രൂപ) ലണ്ടന് പുറത്ത് 10,224 പൗണ്ടുമാണ്.
വീസ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് 28 ദിവസമെങ്കിലും ഈ ഫണ്ടുകൾ കൈവശം വച്ചിരിക്കണം. നിലവിൽ, ജീവിതച്ചെലവ് ലണ്ടനിൽ പ്രതിമാസം 1,334 പൗണ്ടും മറ്റ് പ്രദേശങ്ങളിൽ 1,023 പൗണ്ടുമാണ്.
ആദ്യമായി വീസ അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ ജീവിതച്ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38,700 പൗണ്ട് വരുമാനം ഉണ്ടായിരിക്കണം. ഹോം ഓഫിസ് അംഗീകരിച്ച യുകെ തൊഴിലുടമയുടെ സ്പോൺസർഷിപ്പും അവർക്ക് ഉണ്ടായിരിക്കണം. തൊഴിലുടമ സ്പോൺസർ ചെയ്യാത്ത അപേക്ഷകർ അപേക്ഷിക്കുന്നതിന് 28 ദിവസത്തേക്ക് ആവശ്യമായ ഫണ്ട് കൈവശം വച്ചിട്ടുണ്ടെന്ന് കാണിക്കേണ്ടതുണ്ട്. വീസ അപേക്ഷ ഫീസിലും വർധന. വിനോദസഞ്ചാരികൾ, കുടുംബം, പങ്കാളികൾ, കുട്ടികൾ, വിദ്യാർഥി വീസകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വീസ അപേക്ഷാ ഫീസിൽ വധനവുണ്ട്.