ലണ്ടൻ: രണ്ട് വീട് ഉള്ളവർക്ക് യുകെയിൽ വസ്തു നികുതി ഇരട്ടിയാക്കുന്നതിന് പ്രാദേശിക കൗൺസിലുകളെ അനുവദിച്ചേക്കും. രാജ്യത്ത് വീട് ഇല്ലാത്തവർക്ക് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനാണ് ഈ നീക്കമെന്ന് ദ് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനുള്ള ബില്ലിന്റെ ഭാഗമാണ് നികുതി വർധനയ്ക്കുള്ള നീക്കം. ഇത് പാർലമെന്റിൽ പാസാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. 2025 ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വന്നേക്കുമെന്നും ദ് ടെലഗ്രാഫ് വ്യക്തമാക്കുന്നു.
ഡെവോൺ, കോൺവാൾ, ലേക് ഡിസ്ട്രിക്റ്റ്, നോർഫോക്ക് തുടങ്ങിയ ഇംഗ്ലണ്ടിലെ 25 ശതമാനം പ്രാദേശിക കൗൺസിലുകളും ഇതിനകം തന്നെ ഈ നീക്കത്തിന് സമ്മതിച്ചിട്ടുണ്ട്. ഈ കൗൺസിലുകളിൽ നിന്നുള്ള നികുതികൾ മാത്രം ഏകദേശം 200 ദശലക്ഷം പൗണ്ട് (257 മില്യൻ ഡോളർ) വാർഷിക വരുമാനം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.
രാജ്യത്ത് ഒരു ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന സർക്കാർ തീരുമാനം നടപ്പാക്കുന്നതിന് രണ്ടാമത്തെ വീടുകളിൽ നിന്നുള്ള ഉയർന്ന നികുതി ഉപയോഗിക്കും. 2025-ന്റെ തുടക്കത്തോടെ തിരഞ്ഞെടുപ്പ് നടക്കും.