കൊച്ചി: കൊച്ചിയിലെ ഗിന്നസ് നൃത്തപരിപാടിയുടെ ഉദ്ഘാടനവേദിയിൽ നടന്ന അപകടത്തിൽ വീണ് പരിക്കേറ്റ ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെനന ആശ്വാസ വാർത്തയാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്നത്. സ്വന്തമായി ശ്വസിക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ്സിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അപകടനില പൂർണ്ണമായി തരണം ചെയ്തിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ പരിക്കിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തിയത് വലിയ ആശ്വാസമാണ്
ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് ഉമ തോമസ് നൽകുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഓർമകൾക്ക് മാറ്റമില്ലെന്നതും വലിയ ആശ്വാസമാണ് ഏവർക്കും പകരുന്നത്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് തൃക്കാക്കര എം എൽ എ എന്നാണ് മെഡിക്കൽ സംഘം പറയുന്നത്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ? ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതൊക്കെ പൂർണ്ണമായി മനസിലാക്കാൻ സമയമെടുക്കുമെന്നും മെഡിക്കൽ സംഘം വിവരിച്ചു. ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. സമയം എടുത്തെങ്കിലും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ ഉമ തോമസ് മടങ്ങി വരുമെന്നാണ് നിലവിലെ സൂചനകളിൽ നിന്നും മെഡിക്കൽ സംഘം നൽകുന്ന പ്രതീക്ഷ.