ഇരട്ടി വേഗത്തിൽ യുകെയിലേക്കുള്ള കുടിയേറ്റം. കഴിഞ്ഞ വര്‍ഷം ഏകദേശം പത്തുലക്ഷം പേരാണ് യുകെയിലേക്ക് കുടിയേറിയത് എന്നാണ് പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 6,50,000 മുതൽ 9,97,000 വരെ കുടിയേറ്റക്കാര്‍ 2022 ല്‍ യുകെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിനുമുമ്പ് രേഖപ്പെടുത്തിയ 5,04,000 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിനെ മറി കടന്നാണ് പുതിയ റെക്കോർഡുകൾ. 2021 ജൂണ്‍ മുതല്‍ 2022 വരെയുള്ള കണക്കാണ് പുറത്തു വന്നിട്ടുള്ളത്. യുക്രെയ്ന്‍ അഭയാർഥികളെ കൂടാതെ വിദ്യാർഥികളും എന്‍എച്ച്എസ് ജീവനക്കാരും എത്തിച്ചേരുന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
എന്നാല്‍ പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത സമ്മര്‍ദമാണ് ഇത് ഏൽപ്പിക്കുക. മൈഗ്രേഷന്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് കൺസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പോലും വിമർശിച്ചിരുന്നു. ‘കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഒപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇത് വലിയ പ്രശ്നമായി മാറും’, മുന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെങ്കിലും ഇത് ശമ്പളവും, ഉത്പാദനക്ഷമതയും കുറയ്ക്കുകയും ഹൗസിങ് പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും. തുടര്‍ച്ചയായി വാഗ്ദാനം ചെയ്യുകയല്ലാതെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാൻ കുറയ്ക്കാൻ വേണ്ട നടപടികൾ ഒന്നും കൈക്കൊണ്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മേയ് 25 നാണ് 2022 നെറ്റ് മൈഗ്രേഷന്‍ പൂർണ വിവരങ്ങൾ പുറത്തുവിടുക. ഇതില്‍ കുടിയേറ്റം പ്രതിവര്‍ഷം പത്ത് ലക്ഷത്തിലേക്ക് ഉയര്‍ന്നതായി സ്ഥിരീകരിച്ചാല്‍ ഋഷി സുനക് സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും.