ലണ്ടൻ : അനധികൃത കുടിയേറ്റത്തിനൊപ്പം നിയമാനുസൃത കുടിയേറ്റവും പരിധി വിട്ടതോടെ പുതുതായി ഏർപ്പെടുത്തുന്ന കർശന വ്യവസ്ഥകളിൽ അവസാനത്തേതും ബ്രിട്ടൻ പ്രാബല്യത്തിലാക്കി. ഫാമിലി വീസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ബ്രിട്ടിഷ് പൗരന്മാർക്കും ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ളവർക്കും 29,000 പൗണ്ട് (30 ലക്ഷം രൂപ) എങ്കിലും വാർഷികശമ്പളം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നിലവിൽവന്നത്. ഇതുവരെ വേണ്ടിയിരുന്നത് 18,600 പൗണ്ട് (19 ലക്ഷം രൂപ); വർധന 55%. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തര മന്ത്രി ജയിംസ് ക്ലെവർലിയും തയാറാക്കിയ കുടിയേറ്റ നിയന്ത്രണ പാക്കേജിലെ ഏറ്റവും ഒടുവിലത്തേതാണിത്.
അടുത്ത വർഷം ആദ്യമാകുമ്പോഴേയ്ക്കും ഇതു വീണ്ടും പരിഷ്കരിച്ച് വിദഗ്ധ തൊഴിലാളി വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർത്തിയ ശമ്പളപരിധിയായ 38,700 പൗണ്ടിന് (40 ലക്ഷം രൂപ) സമാനമാക്കാനാണു ബ്രിട്ടിഷ് സർക്കാരിന്റെ ആലോചന. 26,200 പൗണ്ട് ആയിരുന്ന വിദഗ്ധ തൊഴിലാളി ശമ്പളപരിധി 48% വർധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത് ഈ മാസം തുടക്കത്തിലായിരുന്നു. ഇതേ വർധന ഫാമിലി വീസ ശമ്പളപരിധിയിലും ആലോചിച്ചിരുന്നെങ്കിലും ഒറ്റയടിക്കു നടപ്പാക്കുന്നത് പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് ഘട്ടം ഘട്ടമായി കൊണ്ടുവരാനുള്ള നീക്കം.
യുകെ ഫാമിലി വീസയ്ക്ക് ഇനി ചെലവേറും
RELATED ARTICLES