ലഖ്‌നൗ: ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെയാണ് ഇതിനായി നിയോഗിക്കുക.
പ്രയോഗ്‌രാജിലെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുമുണ്ട്. വീഴ്ച ചൂണ്ടിക്കാട്ടി അതിഖിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച 17 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസിന് യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖും സഹോദരനും മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് പ്രയാഗ് രാജില്‍വെച്ച് കൊല്ലപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അതിഖിനും സഹോദരനും വെടിയേറ്റത്. അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഉമേഷ് പാല്‍ വധക്കേസിലാണ് അതിഖിനേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.