ലക്‌നൗ: സംസ്ഥാന വ്യാപകമായി ഹലാൽ സാക്ഷ്യപത്രമുള്ള വസ്തുക്കൾ നിരോധിച്ച് ഉത്തർപ്രദേശ്. നിരോധനം ഉടനടി പ്രാബല്യത്തിലാക്കാനാണ് സർക്കാർ നിർദേശം. ഹലാൽ മുദ്രയുള്ള ഭക്ഷ്യവസ്‌തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങള്‍, സൗന്ദര്യവസ്തുക്കൾ, എന്നിവയ്‌ക്ക് നിരോധനം ബാധകമാണ്.
ഗുണനിലവാരം സംബന്ധിച്ച് സംശമുണ്ടാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹലാൽ വസ്തുക്കൾ നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം ബാധകം. കയറ്റുമതിക്കുള്ളവയ്‌ക്ക് മാത്രം ഇളവുണ്ട്. ഉത്തർപ്രദേശിൽ റീട്ടെയിൽ ഉൽപന്നങ്ങൾക്ക് ഹലാൽ സാക്ഷ്യപത്രം നൽകിയതിന് ഒരു കമ്പനിക്കും മൂന്നുസംഘടനകൾക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
ഒരു പ്രത്യേക വിഭാഗത്തിനായി ചില കമ്പനികൾ ഹലാൽ സാക്ഷ്യപത്രം നൽകുന്നുവെന്നാണ് ആരോപണം. ഹലാൽ സാക്ഷ്യപത്രം നൽകുന്ന സംവിധാനം സമാന്തരമായി പ്രവർത്തിക്കുന്നതാണ്. വസ്‌തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്.
പൊതുജനങ്ങളുടെ താത്‌പര്യപ്രകാരമാണ് നിരോധനമെന്നാണ് വിശദീകരണം. ഭക്ഷ്യ കമ്മിഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.