നിർമാതാവായി ചലച്ചിത്രരംഗത്തെത്തിയ ഇന്നസെന്റ് പിന്നീട് മലയാളഹാസ്യരംഗത്തെ മുടിചൂടാമന്നനായി മാറി. ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വർഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്സഭയിലെത്തി. ( Innocent The actor who made the audience laugh ).
തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ച ഇന്നസെന്റ് എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. സിനിമാമോഹവുമായി ചെന്നൈയിലെത്തിയ ഇന്നസെന്റ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു. തിരികെയെത്തി ബിസിനസ് രംഗത്തെക്ക് കടന്നു. ബന്ധുക്കൾക്കൊപ്പം തീപ്പെട്ടിക്കമ്പനിയും സ്വന്തമായി ചെറുകിട സംരംഭങ്ങളും തുടങ്ങി. പിന്നീട് രാഷ്ടീയത്തിലേക്ക് കടന്ന ഇന്നസെന്റ് ഇരിങ്ങാലട മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും സിനിമയിലേക്ക്.
1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.
പിന്നീട് അഭിനയരംഗത്തെത്തി. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവുമാണ് ഇന്നസെന്റിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അഞ്ച് പതിറ്റാണ്ടിലേറെ മലയാളചലച്ചിത്രരംഗത്തെ പകരംവക്കാനാകാത്ത സാന്നിധ്യമായി മാറി.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും മറ്റ് നിരവധി അംഗീകാരങ്ങളും ഇന്നസെന്റിനെ തേടിയെത്തി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്ത് പതിനഞ്ച് വർഷം തുടർന്നു. 2014ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
2013-ൽ അർബുദബാധിതനായി. വർഷങ്ങളോളം നീണ്ട ചികിൽസ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത ചികിൽസാക്കാലം. അർബുദത്തെ അതിജീവിച്ച് തിരിച്ചെത്തിയ ഇന്നസെന്റ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിലൂടെ അക്കാലത്തെ അനുഭവങ്ങൾ എഴുതി.
ആത്മകഥ ചിരിക്കു പിന്നിൽ, ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.