ദുബൈ: യു.എ.ഇയിലെത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഇനി നാട്ടിലെ യു.പി.ഐ സംവിധാനം ഉപയോഗിച്ച് ഷോപ്പിങ് നടത്താം. മാളുകളടക്കം 60,000 സ്ഥാപനങ്ങളിൽ ക്യൂ.ആർ. കോഡ് സ്‌കാൻ ചെയ്ത് പണമടക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ യു.പി.ഐ സേവനം ലഭ്യമാക്കുന്ന എൻ.പി.സി.ഐ യു.എ.ഇയിലെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ നെറ്റ് വർക്ക് ഇന്റർനാഷണലുമായി കൈകോർത്തതോടെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ദുബൈയിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യു.എ.ഇയിലെ റെസ്റ്റോറന്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയിൽ ഇനി മുതൽ യു.പി.ഐ പേമെന്റിനുള്ള ക്യൂ.ആർ കോഡ് ലഭ്യമായിരിക്കും. ഇത് സ്‌കാൻ ചെയ്ത് നാട്ടിലേത് പോലെ തന്നെ ഷോപ്പിങ് പൂർത്തിയാക്കാനാകും. ദുബൈ മാൾ, എമിറേറ്റ്‌സ് മാൾ തുടങ്ങി വൻഷോപ്പിങ് കേന്ദ്രങ്ങളിലടക്കം 60,000 സ്ഥാപനങ്ങളിൽ രണ്ട് ലക്ഷത്തോളം പേമെന്റ് ടെർമിനലുകൾ ഇതിനായി സജ്ജമാക്കും. നേരത്തേ ദുബൈയിലെ മശ്‌റഖ് ബാങ്ക് നിയോപേയുമായി ചേർന്ന് ഫോൺപേ പെമെന്റിന് സൗകര്യം ഒരുക്കിയിരുന്നു.