യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനം. വ്യാപാര കരാറിൽ ഇന്ത്യ സംയമനം പാലിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇളവ് നൽകാവുന്ന കൂടുതൽ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. അമേരിക്കയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കൂട്ടും. അതേസമയം കാർഷിക ഉത്പന്നങ്ങളിൽ കടുത്ത നിലപാട് തുടരും.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിൽ ചർച്ച നടത്തുന്നുണ്ട്. ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ അമേരിക്കയും 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കുമെന്നാണ് ആദ്യ ഘട്ടത്തിലുണ്ടായ ധാരണ. പക്ഷേ പിന്നീട് അമേരിക്ക സമ്മർദം ശക്തമാക്കി. ഇതോടെ 60 ശതമാനം ഉത്പന്നങ്ങളെ വ്യാപാര കരാറിന്‍റെ ഭാഗമാക്കാൻ തീരുമാനിച്ചു. പക്ഷേ ഇതിലും കൂടുതൽ ഉത്പന്നങ്ങൾ വേണമെന്നാണ് അമേരിക്കയുടെ ആവശ്യം.



