ന്യൂഡൽഹി : യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് യൂറോപ്യൻ നേതാക്കൾ. സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയ്‌ൻ എന്നിവരാണ് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്. ശനിയാഴ്‌ച 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം കോപൻഹേഗനിൽ നടക്കാനിരിക്കെയാണ് നേതാക്കൾ മോദിയുമായി സംസാരിച്ചത്.
‘യുക്രെയ്‌ൻ യുദ്ധം റഷ്യ അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്കു വരുന്നതിൽ ഇന്ത്യയ്‌ക്ക് പ്രധാനപ്പെട്ട പങ്ക് നിർവഹിക്കാനുണ്ട്. യുക്രെയ്‌ൻ യുദ്ധം ആഗോള സുരക്ഷയെ ബാധിക്കുകയും സാമ്പത്തിക സ്ഥിരതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു, അതുവഴി ലോകത്തിനാകെ ഭീഷണിയുയർത്തുന്നു.’ – പ്രധാനമന്ത്രി മോദിയുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം അന്റോണിയോ കോസ്റ്റ, ഉർസുല ഫോൺ ഡെർ ലെയ്‌ൻ എന്നിവർ സമൂഹമാധ്യമത്തിൽ കുറിച്ചു.



