ന്യൂഡൽഹി : ഈ മാസം അവസാനം നടക്കുന്ന യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ല. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ ഒരു ‘മന്ത്രി’ ആണ് പ്രതിനിധീകരിക്കുന്നത്. ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ മുൻ താൽക്കാലിക പട്ടിക പ്രകാരം, സെപ്റ്റംബർ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ പട്ടിക പ്രകാരം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സെപ്റ്റംബർ 27ന് യുഎന്നിൽ പ്രസംഗിക്കും.
‘റഷ്യയിൽ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതിൽ നിരാശ; അത് ഞാൻ അവരെ അറിയിച്ചു, മോദിയുമായി എപ്പോഴും സൗഹൃദം’
ഇസ്രയേൽ, ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ സെപ്റ്റംബർ 26ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. യുഎൻ പൊതുസഭയുടെ 80-ാമത് വാർഷിക സമ്മേളനം സെപ്റ്റംബർ 9നാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ച നടക്കും. പരമ്പരാഗതമായി ബ്രസീലാകും ആദ്യം പ്രസംഗിക്കുക. തുടർന്ന് യുഎസ്. ഇതനുസരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം സെപ്റ്റംബർ 23നാണ്. രണ്ടാമതും പ്രസിഡന്റായശേഷം യുഎൻ സമ്മേളനത്തിൽ ട്രംപിന്റെ ആദ്യ പ്രസംഗമാകും ഇത്.
യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ടായിരുന്നു.



