ന്യൂയോർക്ക് : ബഹിരാകാശനിലയത്തിൽ 287 ദിവസം നീണ്ട താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസിനും (59) ബുച്ച് വിൽമോറിനും (62) മറ്റു 2 യാത്രികർക്കും ഇനി 45 ദിവസം കരുതൽവാസം. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഇക്കാലയളവിൽ നൽകും. ഇന്നലെ പുലർച്ചെ 3.27ന് ആണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചത്. ഫ്ലോറിഡയിലെ ടലഹാസി തീരത്തിനു സമീപമായിരുന്നു ഇറക്കം. സമുദ്രത്തിൽ കാത്തുനിന്നിരുന്ന സ്പേസ്എക്സ് കപ്പൽ പേടകം വീണ്ടെടുത്തു. അരമണിക്കൂറിനകം യാത്രികരെ പുറത്തിറക്കി. മൂന്നാമതായാണു സുനിത പുറത്തിറങ്ങിയത്. വിമാനത്തിൽ ഹൂസ്റ്റണിലെ നാസ ബഹിരാകാശകേന്ദ്രത്തിൽ എത്തിച്ചു.
നടക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന സാധ്യത പരിഗണിച്ച് സ്ട്രെച്ചറിലായിരുന്നു യാത്രികരെ കൊണ്ടുപോയത്. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് മറ്റ് 2 യാത്രികർ. ഇവർ കഴിഞ്ഞവർഷം സെപ്റ്റംബറിൽ നിലയത്തിൽ എത്തിയവരാണ്. സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ 9 മാസത്തിനിടയിൽ 20 കോടി കിലോമീറ്റർ സഞ്ചരിച്ചു. ഭൂമിക്കുചുറ്റും 4576 ഭ്രമണം പൂർത്തിയാക്കി. ഒരാഴ്ച നീളുന്ന ദൗത്യത്തിനായി കഴിഞ്ഞവർഷം ജൂണിൽ പോയ ഇവർ പേടകത്തിനു തകരാർ പറ്റിയതോടെ നിലയത്തിൽ കുടുങ്ങുകയായിരുന്നു.