ദുബൈ: യു.എ.ഇയിൽ കുടുംബ വിസയെടുക്കുന്നവർക്ക് പുതിയ നിബന്ധന നടപ്പാക്കുന്നു. കുടുംബത്തിൽ അഞ്ച് അംഗങ്ങളുണ്ടെങ്കിൽ അവരെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് പതിനായിരം ദിർഹം ശമ്പളം വേണമെന്നാണ് നിബന്ധന. ആറ് കുടുംബാംഗങ്ങൾക്ക് 15,000 ദിർഹം ശമ്പളവും നിർബന്ധമാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൺഷിപ്പ് ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയെ ഉദ്ധരിച്ച് അൽഖലീജ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎഇയിൽ കുടുംബവിസ ലഭിക്കാൻ കുറഞ്ഞത് നാലായിരം ദിർഹമോ, താമസം ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂര് ദിർഹമോ ശമ്പളം മതി എന്നാണ് ഇതുവരെയുള്ള നിയമം. എന്നാൽ പുതിയ നിബന്ധനപ്രകാരം കുടുംബാംഗങ്ങളിൽ അഞ്ചുപേരെ സ്പോൺസർ ചെയ്യാൻ പതിനായിരം ദിർഹം സാലറി വേണം. ആറ് പേരുണ്ടെങ്കിൽ 15,000 ദിർഹം ശമ്പളം വേണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന യു.എ.ഇ കാബിനറ്റ് നിർദേശമനുസരിച്ചാണ് ഈ മാറ്റം. കുടുംബാംഗങ്ങൾ ആറ് പേരിൽ കൂടുതലുണ്ടെങ്കിൽ ഡയറക്ടറേറ്റ് ജനറൽ പ്രത്യേകമായി അപേക്ഷ വിലയിരുത്തണം. ഇതിന് ശേഷമെ സ്പോൺസർഷിപ്പിന് അനുവാദം നൽകൂ. അടുത്തിടെ അനുമതി നൽകിയ 15ഒാളം വിസകളുമായി ബന്ധപ്പെട്ട നിബന്ധനകളും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മൾട്ടിപ്പിൾ എൻട്രി അനുവദിക്കുന്ന സന്ദർശക വിസക്കാർക്ക് ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനാകും. എന്നാൽ, വിവിധ വിസകൾക്കനുസരിച്ച് ഇതിന്‍റെ നിബന്ധനകൾ വ്യത്യാസപ്പെട്ടിരിക്കും.
ഇത്തരം വിസക്കാർക്ക് 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ കഴിയില്ല. ഗോൾഡൻ വിസക്കാർ, സിൽവർ വിസക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ ഒഴികെയുള്ളവർ രാജ്യത്തിന് പുറത്ത് 180 ദിവസത്തിൽ കൂടുതൽ തങ്ങിയാൽ വിസ റദ്ധാകും. എന്നാൽ, രാജ്യത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ തങ്ങേണ്ടി വന്ന സാഹചര്യം വ്യക്തമാക്കി അപേക്ഷ നൽകിയാൽ വീണ്ടും പ്രവേശനം ലഭിച്ചേക്കും.