തിരുവനന്തപുരം : സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു പരാതി നൽകി. കേരളത്തിലെ കോൺഗ്രസ് നേതാക്കളെയും കോൺഗ്രസ് പാർട്ടിയെയും അധിക്ഷേപിച്ച് ‘പോൺഗ്രസ്’ എന്ന തലക്കെട്ടിൽ ഈമാസം 18ന് പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് എതിരെയാണ് പരാതി.
പരാതിയിൽനിന്ന്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ അശ്ലീല പോസ്റ്റ് നിർമിക്കാൻ കോൺഗ്രസ് നേതൃത്വം നൽകിയെന്ന് ആരോപിച്ച് നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയിൽ കോൺഗ്രസിനെ ആക്ഷേപിച്ചത് ഗുരുതര കുറ്റമാണ്. ഇതുകൂടാതെ ‘പോൺഗ്രസ് സൈബർ മീഡിയ’ എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറിൽ കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്നും ആരോപിച്ചു. ഇതിനെതിരെ നടപടി വേണമെന്നാണ് പരാതി.