തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. അച്ചു ഉമ്മന്‍ ആരേയും കബളിപ്പിച്ച് പണം തട്ടിയിട്ടില്ലെന്നും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ സിപിഐഎം സൈബര്‍ ഗുണ്ടകള്‍ അധിക്ഷേപിക്കുകയാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു. അച്ചു ഉമ്മന്‍ ആരുടേയും പണം തട്ടിയിട്ടില്ല. അവര്‍ ഒരു പ്രൊഫഷണല്‍ ആണെന്നും വി ഡി സതീശന് പറഞ്ഞു.
‘നിങ്ങള്‍ ചാണ്ടി ഉമ്മനെക്കുറിച്ച് പറഞ്ഞോളു. അദ്ദേഹം സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരേയും കുറിച്ച് വളരെ മോശം പ്രചാരണമാണ് നടക്കുന്നത്. അച്ചു ഉമ്മന്‍ ഒരു പ്രൊഫഷണലാണ്. കണ്ടന്റ്ക്രിയേഷനാണ് അവരുടെ ജോലി. ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഫോട്ടോയ്ക്ക് മോശം അടിക്കുറിപ്പ് നല്കി അവരെ അപമാനിക്കുകയാണ്. അവര്‍ ആരുടേയും കൈയ്യില്‍ നിന്നും പണം തട്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ പേര് ദുരുപയോഗം ചെയ്തിട്ടില്ല. നല്ല നിലയില്‍ ജീവിക്കുന്ന കുടുംബമാണ് അവരുടേത്. ജോലി ചെയ്ത് കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ആ പെണ്‍കുട്ടിയെപോലും ഇവര്‍ വെറുതെ വിടുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ മകളെന്ന പരിഗണന പോലും ലഭിക്കാതെ സിപിഐഎം നേതാക്കളുടെ അറിവോട് കൂടി സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. സിപിഐഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ ഹീനമായ ഭാഷയില്‍ അപമാനിക്കുകയാണ്.’ വി ഡി സതീശന് പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാണിക്കുകയാണ് സിപിഐഎം. ഒരു കാരണവശാലും ജയിക്കില്ല. ഇതെല്ലാം ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം മഹാഭൂരിപക്ഷമായി ഉയരാനേ ഉപകരിക്കൂവെന്നും വി ഡി സതീശന് പറഞ്ഞു.