കൊച്ചി : മുഖ്യമന്ത്രിപദത്തിൽനിന്ന് പിണറായി വിജയനെ കേരളം അപമാനിച്ച് ഇറക്കിവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിണറായി വിജയന് ക്രിമിനൽ മനസ്സാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണവുമാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് ക്രൂരമായി മർദ്ദിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.
‘‘സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് – കെഎസ്യു പ്രവർത്തകർക്കുനേരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ വയർലെസ് സെറ്റ് ഉപയോഗിച്ചാണ് മർദ്ദിച്ചത്. ഹെൽമറ്റ് കൊണ്ടും ചെടിച്ചട്ടികൊണ്ടും ക്രൂരമായി മർദ്ദിച്ചു. എന്നാൽ ഇതിനെ ന്യായീകരിച്ച് സിപിഎം പ്രവർത്തകരെ പ്രശംസിക്കുകയാണ് മുഖ്യമന്ത്രി. ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള ലൈസൻസ് കൊടുക്കുകയാണ് മുഖ്യമന്ത്രി. പരിണിതപ്രജ്ഞരായ വലിയ നേതാക്കൻമാർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് പിണറായി വിജയൻ മറന്നുപോയിരിക്കുകയാണ്.
പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ കൊല്ലാനും വീട് കത്തിക്കാനും ഉത്തരവ് കൊടുത്തിരുന്ന ക്രിമനലായിരുന്നു പിണറായി വിജയൻ. ആ ക്രിമിനൽ മനസ്സുള്ള ഒരാളാണ് മുഖ്യമന്ത്രി കസേരയിലിരിക്കുന്നതെന്ന് ഓർത്ത് കേരളം ലജ്ജിക്കുകയാണ്. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നതിൽ എന്താണ് കുഴപ്പം. അധികാരലഹരിയിൽ പ്രതിഷേധക്കാർക്കെതിരെ തിരിയുകയാണ്. മുഖ്യമന്ത്രിക്കസേരയിൽനിന്ന് ഈ മനുഷ്യനെ കേരളം അപമാനിച്ച് പുറത്താക്കും. ബംഗാളിലെ സിപിഎമ്മിന്റെ പതനത്തിന് കാരണമായ അതേ അവസ്ഥയിലേക്കാണ് പിണറായി വിജയൻ സിപിഎമ്മിനെ കൊണ്ടുപോകുന്നത്. വഴിയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാൻ അനുവദിച്ചില്ലെങ്കിൽ നേതാക്കൾ, ജനപ്രതിനിധികൾ,ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കും.’’– വി.ഡി.സതീശൻ പറഞ്ഞു.