കോഴിക്കോട് : പ്ലസ് വൺ സീറ്റിൽ പ്രശ്ന പരിഹാരത്തിനൊരുങ്ങി സർക്കാർ. എയിഡഡ് മേഖലകളിൽ അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂലൈ 16 ന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. മന്ത്രിയെ വഴിയിൽ തടഞ്ഞിട്ട് കാര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു. മുസ്ലിം ലീഗ് അടക്കമുള്ളവർ സീറ്റ് ആവശ്യവുമായി രംഗത്തെത്തുന്നുണ്ട്. സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഇക്കാര്യത്തിൽ ഉയരുന്നത്.
മലബാറിൽ മാത്രം ഇത്തവണ 2,25702 കുട്ടികൾ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള സീറ്റുകൾ 2,01,885 മാത്രമാണ്. സർക്കാർ പ്രഖ്യാപനം പോലെ എല്ലാ സ്‌കൂളുകളിലും 30 ശതമാനം സീറ്റ് വർധനവ് നടപ്പാക്കിയാൽ 30,282 സീറ്റുകൾ ആവശ്യത്തിലധികം ഉണ്ടാകുമെന്നാണ് അധികൃതരുടെ വാദം. സിബിഎസ്ഇ സിലബസിൽ പഠിച്ച കുട്ടികളുടെ എണ്ണം കൂടി കൂട്ടുകയാണെങ്കിൽ ഈ സീറ്റുകൾ തികയില്ല.
മലബാറിൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇത് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്ന വിലയിരുത്തലുണ്ട്. പുതിയ ബാച്ചുകൾക്കനുസരിച്ച് അധിക അദ്ധ്യാപക തസ്തികകളും വേണ്ടി വരും. ഒരു ബാച്ചിന് ആറ് തസ്തികകളെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. സ്കൂളുകളിൽ സൗകര്യമൊരുക്കുന്നത് മുതൽ തുടങ്ങുന്ന പ്രതിസന്ധികൾ കാരണം കാർത്തികേയൻ കമ്മീഷന്റെ ശുപാർശയിലെ നിർദേശങ്ങൾ നടപ്പാക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം കുറവാണെന്നതിനാൽ പ്രതിസന്ധി രൂക്ഷമാകാതിരിക്കാനാണ് സാധ്യത.