കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്നാണ് പഠനം പറയുന്നത്.
635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ ടൈഫോയ്ഡ് പോലുള്ളവയുണ്ടായതായും പഠനറിപ്പോര്‍ട്ടിലുണ്ട്.
മുന്‍പ് കൊവിഷീല്‍ഡ് വാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്രാസെനേക്ക സമ്മതിക്കുകയും ചെയ്തിരുന്നു. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്.