കൊല്ലം: ഡോക്ടർ വന്ദനദാസ് വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഫ്.ഐ.ആറിലെ പിഴവുകൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
അതേസമയം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള പ്രതി ജി സന്ദീപിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. സംഭവത്തിൽ ആരോഗ്യവകുപ്പും റിപ്പോർട്ട് തയ്യാറാക്കി. കൊട്ടാരക്കര താലൂക്കാശുപത്രി സൂപ്രണ്ട്, കാഷ്വാലിറ്റി മെഡിക്കൽ സൂപ്രണ്ട്, പാരാ മെഡിക്കൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.