കൊച്ചി: പ്രഖ്യാപിച്ച സമയങ്ങളില്‍ കുതിച്ചെത്താനാകാതെ വന്ദേഭാരത്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വരെ ട്രെയിന്‍ വൈകുന്നത്. വിവിധയിടങ്ങളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്ന് റയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് 5. 20 ന് പുറപ്പെടുന്ന വന്ദേഭാരത് 6. 07 ന് കൊല്ലത്തെത്തണം.ഇന്നലെ മൂന്ന് മിനിറ്റ് വൈകി 6.10 നാണ് ട്രെയിനെത്തിയത്. നിശ്ചിതസമയത്തില്‍ നിന്നും മൂന്ന് മിനിറ്റ് വൈകിയാണ് കോട്ടയം പിടിച്ചതും. 8.17 ന് എറണാകുളത്തെത്തേണ്ട വന്ദേഭാരത് 12 മിനിറ്റ് താമസിച്ച് 8. 29 നാണ് നോര്‍ത്ത് സ്റ്റേഷനില്‍ നിര്‍ത്തിയത്. 9.22 ന് എത്തേണ്ട ട്രെയിന്‍ 13 മിനിറ്റ് വൈകി 9. 35 ന് തൃശൂരെത്തി.
തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയവ്യത്യാസം 7 മിനിറ്റായി കുറഞ്ഞു. 11. 03 ന് കോഴിക്കോടെത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനിറ്്റ് ആയി ഉയര്‍ന്നു. എന്നാല്‍ കൃത്യസമയമായ 1.25 ന് തന്നെ കാസര്‍കോടെത്തി. ഒരു റയില്‍ പാത മറ്റൊരു റയില്‍ പാതയുമായി കൂടിച്ചേരുന്ന ക്രോസ് ഒാവര്‍പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ എല്ലാ ട്രെയിനുകള്‍ക്കും വേഗം കുറയും. ഇവിടെ 15 കിലോമീറ്റര്‍ മാത്രമാണ് വേഗത. പ്രധാന പാതയില്‍ നിന്ന്് പിരിഞ്ഞു പോകുന്ന ലൂപ് ലൈന്‍ പ്ളാറ്റ്ഫോമുകളുളള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുളള ഭാഗത്തും വേഗം 15 കിലോമീറ്ററിലേയ്ക്ക് താഴും. ഇതു കൂടി കണക്കുകൂട്ടിയാണ് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് അവസാനിക്കുന്ന സ്റ്റേഷനിലേയ്ക്കുളള റണ്ണിങ് ടൈം കണക്കു കൂട്ടുന്നതെന്നും അത് കൃത്യമായി പാലിക്കാനാകുന്നുണ്ടെന്നും റയില്‍വേ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.