കണ്ണൂർ : കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും നേതാക്കളും. എം.വി.ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.വി.സുമേഷ് എംഎൽഎയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും സിപിഎം ഏരിയാ കമ്മിറ്റി അംഗം ഒ.കെ.വിനീഷും സ്വീകരിക്കാനെത്തി.
അഞ്ച് മിനിറ്റോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ കയറിയ നേതാക്കൾ കോച്ചുകളിലൂടെ നടന്നാണ് പുറത്തിറങ്ങിയത്. സി 1, സി 2 കോച്ചുകളിൽ കയറിയ നേതാക്കൾ, ക്ഷണിക്കപ്പെട്ട യാത്രക്കാരോടും ഉദ്യോഗസ്ഥരോടും സൗഹൃദം പങ്കിട്ടു. തലശ്ശേരിയിൽ നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പയ്യന്നൂരിൽ ട്രെയിനിനെ സ്വീകരിക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും എത്തിയിരുന്നു.