
തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
കേരളത്തിൻ്റെ നേട്ടങ്ങളിൽ ബി.ജെ.പിക്കും സംഘപരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ, സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്രമന്ത്രിമാർ അധപതിക്കരുത്.
രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിൻ്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘപരിവാറിൻ്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘപരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്.- വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വിവാദ പ്രസ്താവന നടത്തിയത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോള്‍ സഹായം കിട്ടുമെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് കേരളത്തില്‍നിന്നുള്ള കേന്ദ്രസഹമന്ത്രി കൂടിയായ ജോർജ് കുര്യന്റെ പ്രസ്താവന.