തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ അക്രമി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ സംയുക്ത അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തുനല്‍കി.
സിസിടിവി ദൃശ്യങ്ങളിലുള്ളത് അക്രമിയല്ല, കാപ്പാട് സ്വദേശിയായ വിദ്യാർഥി; പ്രതി ഉത്തരേന്ത്യക്കാരൻ തന്നെ
രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിക്കുകയും 9 പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത അതീവ ഗുരുതരമായ സംഭവം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ വിഷയം കൂടിയാണ്. ഈ ഹീനകൃത്യത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം പിടികൂടേണ്ടത് അത്യാവശ്യമാണ്. ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ കത്തിൽ ആവശ്യപ്പെട്ടു